രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ ആശ്വാസം. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 183 രൂപയുടെ കുറവാണ് എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ധനവിതരണത്തിൽ ഉണ്ടായ അനിശ്ചിതത്വമാണ് കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിക്കാൻ കാരണമായത്. എന്നാൽ വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെ കേന്ദ്രസർക്കാർ വാണിജ്യ എൽപിജി വിതരണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും വിതരണം സാധാരണ നിലയിലാക്കുകയും ചെയ്തിരുന്നു.
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടികൾ ആഗോള ഊർജ്ജ വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണയും പ്രകൃതി വാതകവും കൊണ്ടുപോകുന്ന കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണ, ഗ്യാസ്, ഇന്ധന ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു.
ഈ സാഹചര്യത്തിന്റെ പ്രതിഫലനമായി ഇന്ത്യയിലും വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില നാല് തവണ വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയും രണ്ട് ഘട്ടങ്ങളിലായി കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ വിലയും ഘട്ടംഘട്ടമായി വർധിച്ചിരുന്നു.
ഇപ്പോൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചെങ്കിലും, ഗാർഹിക എൽപിജി സിലിണ്ടറിന്റെയും പെട്രോൾ, ഡീസൽ വിലയുടെയും കാര്യത്തിൽ നിലവിൽ പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.




