ദില്ലി: ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. കോച്ചിംഗ് സെന്ററുകൾക്കായുള്ള ദേശീയ നിയമം രൂപപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രധാന മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട കോച്ചിംഗ് സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടാണ് നടപടി. കോച്ചിംഗ് സെന്ററുകളിലെ ടോപ്പർ പരസ്യങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.
പുതിയ നിയമപ്രകാരം കോച്ചിംഗ് സെന്ററുകൾ അധ്യാപകരുടെ യോഗ്യതയും വിജയനിരക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തേണ്ടി വരും. സ്കൂൾ വിദ്യാർഥികൾക്ക് ദിവസേന 2–3 മണിക്കൂർ മാത്രമായിരിക്കും കോച്ചിംഗ് അനുവദിക്കുക എന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ 12-ാം ക്ലാസിന് ശേഷം മാത്രമേ തീവ്ര കോച്ചിംഗ് ഉൾപ്പെടെയുള്ള പരിശീലനം നൽകാൻ പാടുള്ളൂ എന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.




