കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറങ്ങി. വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന ടൂർ പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ജൂലൈ കലണ്ടറിലെ പ്രധാന ആകർഷണം ഹൈദരാബാദ് പ്രീമിയം ടൂർ പാക്കേജാണ്. നാല് പകലും മൂന്ന് രാത്രിയും നീളുന്ന യാത്ര എസി ബസിലായിരിക്കും. ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പാക്കേജാണിത്.
കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകളും ജൂലൈയിൽ ക്രമീകരിച്ചിട്ടുണ്ട്. ഗുരുവായൂർ, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വള്ളസദ്യ, വാഗമൺ, ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, പൊന്മുടി, ഗവി, മൂന്നാർ–കാന്തല്ലൂർ, കുമരകം ഹൗസ് ബോട്ട്, പുള്ളിക്കാനം, രാമക്കൽമേട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രത്യേക പാക്കേജുകൾ.
യാത്രകളുടെ ദൈർഘ്യവും ഉൾപ്പെടുന്ന സേവനങ്ങളും അനുസരിച്ച് 750 രൂപ മുതൽ 4510 രൂപ വരെയാണ് നിരക്ക്. ഗവി, വയനാട്, മൂന്നാർ തുടങ്ങിയ പാക്കേജുകളിൽ പ്രവേശന ഫീസ്, ജംഗിൾ സഫാരി, ഗൈഡ്, ഉച്ചഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 97479 69768, 94954 40444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.




