തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി, 27,യെയാണ് ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതും ഫോൺ വിളികൾക്ക് മറുപടി ലഭിക്കാത്തതും തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽച്ചില്ല് തകർത്തുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും ഭർതൃപിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രണ്ട് ദിവസം മുൻപായിരുന്നു ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികം. കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഭർതൃപിതാവിന്റെ വിശദീകരണം. അതേസമയം, ഭർതൃവീട്ടിൽ വിഘ്നേശ്വരി അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് യുവതിയുടെ സഹോദരന്റെ ആരോപണം. മരണത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും കുടുംബം പറയുന്നു.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ–കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.




