ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ മെറ്റയ്ക്ക് വീണ്ടും കേന്ദ്രസർക്കാർ നോട്ടീസ്. ഇത്തരം പരസ്യങ്ങൾ അടിയന്തരമായി പിൻവലിക്കാനും ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രം നിർദേശം നൽകി.
ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങളുടെ കാര്യത്തിൽ മെറ്റയെ വിശദീകരണത്തിനായി വിളിച്ചുവരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അതേസമയം, ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിനും കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ജിയോ സിനിമ, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ പരാതിയെ തുടർന്നാണ് നടപടി.
സിനിമകളും വെബ് സീരിസുകളും ഉൾപ്പെടെയുള്ള പൈറസി ഉള്ളടക്കം പങ്കുവച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഐടി നിയമപ്രകാരം നൽകിയ നോട്ടീസിൽ ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യാനും പൈറസി തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലിഗ്രാമിനോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.




