ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ മേലുള്ള പരാതികളില്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 2021 ലെ ഐടി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. അശ്ലീലം, ആള്‍മാറാട്ടം അടക്കം ആറ് തരം ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളില്‍ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.വിദ്വേഷം വളര്‍ത്തല്‍, അശ്ലീലം, ആള്‍മാറാട്ടം, വ്യാജവാര്‍ത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ എന്നിവയെപ്പറ്റി പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. കരട് പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് 24 മണിക്കൂര്‍ ആയിരുന്നെങ്കിലും സമൂഹമാധ്യമ കമ്പനികളുടെ അഭിപ്രായം പരിഗണിച്ചാണ് ഇത് 72 ആക്കിയത്. ഇത്തരം ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്നും ഭേദഗതിയിലുണ്ട്.
