കൊച്ചി കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു ദിനേശൻ പറയുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് ദിനേശൻ കണ്ടത്. പിന്നാലെ കൂടിനരികിലേക്കു പോയി. കൂട്ടിൽ കടിയേറ്റ് ചില താറാവുകൾ പിടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് 65 ഓളം താറാവുകൾ ചത്തു കിടക്കുന്നതു കണ്ടത്.
രണ്ട് വർഷമായി ദിനേശൻ ഉപജീവനത്തിനായി താറാവിനെ വളർത്തുന്നുണ്ട്. ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു അദ്ദേഹം പറയുന്നു. ഒരു മാസമായി തെരുവു നായയുടെ ശല്യം അതിരൂക്ഷമാണെന്ന് ദിനേശൻ വ്യക്തമാക്കി.