പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം. തീർത്ഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നിലവിൽ നൽകുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് വിതരണം നിയന്ത്രിച്ചിരിക്കുന്നത്.
കന്നിമാസ പൂജകൾക്കായി നടതുറന്നതോടെ സന്നിധാനത്ത് പ്രതിദിനം എത്തുന്നത് നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ്. തിരക്ക് വർധിച്ചതോടെ അരവണയ്ക്കും അപ്പത്തിനും ക്ഷാമം അനുഭവപ്പെടുന്നത് തീർത്ഥാടകരെ ബാധിക്കുന്നുണ്ട്.
അരവണ പ്ലാന്റ് കഴിഞ്ഞ 20 ദിവസമായി പ്രവർത്തിക്കുന്നില്ല. പ്ലാന്റിന്റെ പുനർനിർമാണമാണ് കാരണമെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. ഇന്നലെ രാത്രി ഒരാൾക്ക് ഒരു അരവണ വീതം മാത്രമാണ് വിതരണം ചെയ്തത്. ഇതോടെ സന്നിധാനത്ത് തീർത്ഥാടകർ പ്രതിഷേധിക്കുകയും ചെയ്തു.
മൂന്ന് ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടായിരുന്നെങ്കിലും തീർത്ഥാടകരുടെ എണ്ണം പ്രതീക്ഷിച്ചതിലും ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ തിരക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ശബരിമല തീർത്ഥാടന സീസണിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കേണ്ടതുണ്ട്. സാധാരണ സെപ്റ്റംബർ പകുതിയോടെ 80 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കാറുണ്ട്. എന്നാൽ ഇത്തവണ ടെൻഡർ, ലേല നടപടികൾ പോലും വൈകിയെന്നാണ് ആരോപണം.
അരവണ ഡപ്പികളും ഫ്ലിപ്പ് ലിഡുകളും ആവശ്യത്തിന് സംഭരിച്ചിട്ടില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഓഗസ്റ്റിൽ എത്തേണ്ടിയിരുന്ന അരവണ ഡപ്പികൾക്കുള്ള ടെൻഡർ നടപടികൾ ഇപ്പോഴാണ് പൂർത്തിയാക്കിയതെന്നാണ് വിവരം.
തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അരവണ ഉൽപ്പാദനം പുനരാരംഭിക്കുന്നതിലും ആവശ്യമായ സാധനങ്ങൾ ഉറപ്പാക്കുന്നതിലും ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.




