പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് വയോധികയുടെ എക്സ്റേ റിസൾട്ട് മാറി നൽകിയ സംഭവത്തിൽ നടപടി. എക്സ്റേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരൻ ഷാഹുൽ ഹമീദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് നടപടി സ്വീകരിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അതേസമയം, ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫാണ് കേസെടുത്തത്.
ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 വയസ്സുകാരിക്ക് എക്സ്റേ എടുക്കുന്നതിനിടെ മറ്റൊരു വയോധിക രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകിയെന്നാണ് ആരോപണം. ഇത് ശ്രദ്ധയിൽപ്പെടാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് നിർദേശിച്ചെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട്, സ്ഥലം എസ്.എച്ച്.ഒ എന്നിവർ കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.




