കാസർകോട്: അമിതവേഗതയിൽ സഞ്ചരിച്ച രണ്ട് കാറുകൾ ലോറിയിൽ ഇടിച്ച് അപകടം. കാസർകോട് കന്യപ്പാടിയിലാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായത്.
അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് രണ്ട് കാറുകളിലായി ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കാറുകളും പൂർണമായി തകർന്നു.
കെ.എ. 21 സി 0338 നമ്പർ ലോറിയിൽ കെ.എൽ. 14 എ.ഇ. 0915 നമ്പർ വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറും കെ.എൽ. 14 എ.ജെ. 0035 നമ്പർ കറുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാറുമാണ് ഇടിച്ചത്.
അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടിയതിനെ തുടർന്ന് റോഡിൽ ഡീസലും ഓയിലും വ്യാപിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി.കെ. അഭിനന്ദ്, എൻ.പി. രാകേഷ്, ഒ.കെ. പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




