ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയർന്നു. ഐ.ടി.സിയുടെ തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കാണ് പുതിയ വിലവർധന. ഡീലർമാരിൽ നിന്നുള്ള വിവരമനുസരിച്ച് പുതിയ വില രേഖപ്പെടുത്തിയ സ്റ്റോക്ക് വിപണിയിലെത്തിത്തുടങ്ങി.
ക്ലാസിക് കണക്ട് 20 സിഗരറ്റിന്റെ പാക്കറ്റിന് 38 രൂപ വർധിച്ച് വില 390ൽ നിന്ന് 428 രൂപയായി. ഗോൾഡ് ഫ്ലേക്ക് സൂപ്പർ സ്റ്റാർ 10 സിഗരറ്റിന്റെ പാക്കറ്റിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ വില 79ൽ നിന്ന് 89 രൂപയായി.
ഫെബ്രുവരി ഒന്നുമുതൽ സിഗരറ്റുകൾക്ക് 40 ശതമാനം ജി.എസ്.ടി.യും പുതിയ അധിക എക്സൈസ് തീരുവയും നിലവിൽ വന്നിരുന്നു. സിഗരറ്റിന്റെ നീളവും ഫിൽട്ടർ ഉണ്ടോ എന്നതും അനുസരിച്ച് ആയിരം സിഗരറ്റിന് 2,050 രൂപ മുതൽ 8,500 രൂപ വരെയാണ് അധിക എക്സൈസ് തീരുവ.
നികുതി വർധനയുടെ അധികഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി ഐ.ടി.സി ഈ വർഷം പല ഘട്ടങ്ങളിലായി വില പരിഷ്കരിച്ചതിന് പിന്നാലെയാണ് പുതിയ വർധന. കിംഗ് സൈസ് വിഭാഗത്തിലെ ചില ബ്രാൻഡുകൾക്കും വില ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.




