പട്ടാളത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസില്‍ യുവതി പിടിയില്‍. ആലപ്പുഴ നഗരസഭ സനാതനപുരം വാര്‍ഡില്‍ ചിറവീട്ടില്‍ ശ്രുതിമോള്‍ (24) ആണ് പുന്നമടയിലെ റിസോര്‍ട്ടില്‍നിന്ന് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശികളായ രണ്ടുപേരില്‍ നിന്നായി എട്ടുലക്ഷം രൂപയോളം തട്ടിയ കേസിലാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്. വിവിധ സ്ഥലങ്ങളിലായി 30 പേരില്‍നിന്ന് ഇവര്‍ പണം തട്ടിയതായാണ് വിവരം.
കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പരാതിപ്പെടുമെന്ന് പൊലീസ് കരുതുന്നു. പട്ടാളത്തിലാണ് ജോലിയെന്ന് പരാതിക്കാരെ വിശ്വസിപ്പിച്ച് പകുതി പണം നാട്ടില്‍വച്ചും ബാക്കി തുക ഡല്‍ഹിയിലേക്കും മറ്റുസ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തി പട്ടാള വേഷത്തില്‍വന്ന് വാങ്ങിയുമാണ് തട്ടിപ്പുരീതി. പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാത്തതിനാല്‍ പരാതിപ്പെടുകയായിരുന്നു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഐഎസ്എച്ച്ഒ എസ് അരുണിന്റെ നേതൃത്വത്തില്‍ എസ്‌ഐ വി ഡി റജിരാജ്, എഎസ്‌ഐ മോഹന്‍കുമാര്‍, ബി ലേഖ, എസ്‌സിപിഒ ബിനോജ്, സിപിഒമാരായ വിപിന്‍ദാസ്, അംബീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.