തിയേറ്ററുകളിൽ തരംഗമായി ‘ഭൗമ’; രണ്ടാം വാരത്തിലേക്ക് കടന്നത് 145 തിയേറ്ററുകളിൽ. രണ്ടാം ഭാഗവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ 90 തിയേറ്ററുകളിൽ നിന്ന് 145 തിയേറ്ററുകളിലേക്കാണ് രണ്ടാം വാരത്തിൽ പ്രദർശനം വ്യാപിപ്പിച്ചിരിക്കുന്നത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ നടത്തി. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായിട്ടായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുകയെന്നാണ് ലഭിക്കുന്ന സൂചന.
റെജിൻ എസ്. ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ഈശോ എന്ന പോലീസ് കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ പുറത്തുവരുന്ന രഹസ്യങ്ങളും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിച്ച ‘ഭൗമ’യിൽ അതിഥി ബാലൻ, മധുപാൽ, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ശരൺ വേലായുധന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. എം.ആർ. രാജാകൃഷ്ണനാണ് ശബ്ദമിശ്രണം നിർവഹിച്ചത്. അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും സൂരജ് ഇ.എസ് എഡിറ്റിംഗും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചു.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡാനിഷ് കെ.എ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഡോണി കടമ്മനിട്ടയാണ് കഥ. ഗോപിക ഉണ്ണികൃഷ്ണൻ കോസ്റ്റ്യൂമും റോണി വെള്ളത്തൂവൽ മേക്കപ്പും നിർവഹിച്ചു. അബ്രു സൈമണാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. കലൈ കിങ്സൺ സംഘട്ടനവും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിച്ചു.
ജിതിൻ എസ്. ബാബുവാണ് സ്റ്റിൽസ് ഒരുക്കിയത്. മാ മി ജോ പബ്ലിസിറ്റി ഡിസൈനും ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിംഗും നിർവഹിക്കുന്നു. വാഴൂർ ജോസും ആതിര ദിൽജിത്തുമാണ് പി.ആർ.ഒമാർ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഭാവന റിലീസിനാണ്. ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.




