പത്തനംതിട്ട: ശബരിമല ദർശനത്തിനായി നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ ക്യൂ ടിക്കറ്റുകൾ കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളിൽ സ്പോട്ട് ബുക്കിങ് സൗകര്യവും ആനുപാതികമായി വർധിപ്പിക്കും. വെർച്വൽ ക്യൂ സ്ലോട്ട് ലഭിക്കാത്ത തീർഥാടകർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
നിലയ്ക്കൽ–പമ്പ പാത വഴി പ്രതിദിനം 60,000 പേർക്കാണ് വെർച്വൽ ക്യൂ സൗകര്യം. എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്ക് വീതവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും.
നിലയ്ക്കലിൽ പ്രതിദിനം 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും 2,000 പേർക്ക് വീതവും സ്പോട്ട് ബുക്കിങ് അനുവദിക്കുന്നുണ്ട്. ഇതിനായി ആധാർ കാർഡോ പകർപ്പോ ഹാജരാക്കണം.
ബുക്ക് ചെയ്ത സമയത്ത് തന്നെ തീർഥാടകർ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ രാവിലെ 10.30 വരെയാണ് പ്രവർത്തിക്കുക.




