അമേരിക്കയിൽ ചരിത്രപരമായ നീക്കത്തിന് കാലിഫോർണിയ; 548 വധശിക്ഷാ തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാൻ ഗവർണറുടെ പദ്ധതി

കാലിഫോർണിയ: അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 548 തടവുകാരുടെയും ശിക്ഷ ഇളവ് ചെയ്യാൻ പദ്ധതിയുമായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം. പദ്ധതി നടപ്പിലായാൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വധശിക്ഷാ ഇളവായി ഇത് മാറും. വധശിക്ഷയ്ക്ക് പകരം തടവുകാർക്ക് പരോൾ അനുവദിക്കാത്ത ജീവപര്യന്തം തടവായിരിക്കും ലഭിക്കുക.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷാ തടവുകാരുള്ള സംസ്ഥാനമാണ് കാലിഫോർണിയ. ഗവർണറുടെ പ്രഖ്യാപനം നടപ്പിലായാൽ രാജ്യത്താകെയുള്ള വധശിക്ഷാ തടവുകാരുടെ എണ്ണത്തിൽ ഏകദേശം 30 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

വ്യാഴാഴ്ച പുറത്തിറക്കിയ മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് ഗാവിൻ ന്യൂസം പദ്ധതി പ്രഖ്യാപിച്ചത്. വധശിക്ഷയോടുള്ള തന്റെ എതിർപ്പ് ആവർത്തിച്ച അദ്ദേഹം, വധശിക്ഷ കാലിഫോർണിയയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും നിയമവ്യവസ്ഥയുടെ അടിത്തറയെ ദുർബലപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി.

ഗവർണർ പദവിയിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് ന്യൂസത്തിന്റെ നിർണായക നീക്കം. മുൻ സാൻഫ്രാൻസിസ്കോ മേയറും ലെഫ്റ്റനന്റ് ഗവർണറുമായിരുന്ന ഗാവിൻ ന്യൂസം 2028ലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രഖ്യാപനം.

2019 മാർച്ചിൽ അധികാരമേറ്റതിന് പിന്നാലെ കാലിഫോർണിയയിൽ വധശിക്ഷ നടപ്പാക്കുന്നതിന് ന്യൂസം താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ആർനോൾഡ് ഷ്വാസ്‌നെഗറിന്റെ ഭരണകാലത്ത് 2006ലാണ് കാലിഫോർണിയയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

നിലവിൽ അമേരിക്കയിലെ 27 സംസ്ഥാനങ്ങളിൽ വധശിക്ഷ നിയമപരമാണ്. 23 സംസ്ഥാനങ്ങൾ വധശിക്ഷ പൂർണമായും നിർത്തലാക്കിയിട്ടുണ്ട്.

അതേസമയം, കാലിഫോർണിയ ഗവർണറുടെ നിലപാടിന് വിരുദ്ധമായി ഗുരുതരമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ വധശിക്ഷ നടപ്പാക്കണമെന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ളത്. ഫയറിങ് സ്ക്വാഡുകൾ ഉപയോഗിച്ചുള്ള ഫെഡറൽ വധശിക്ഷകൾ വിപുലീകരിക്കുമെന്ന് ട്രംപ് ഭരണകൂടം കഴിഞ്ഞ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.

വധശിക്ഷ സംബന്ധിച്ച അമേരിക്കയിലെ രാഷ്ട്രീയ-നിയമ ചർച്ചകളിൽ പുതിയ വഴിത്തിരിവാകുകയാണ് കാലിഫോർണിയ ഗവർണറുടെ പ്രഖ്യാപനം.

Related news

ബിനാൻസിലെ 6.3 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ കവർച്ച; ഉത്തരകൊറിയൻ ഹാക്കർമാർക്ക് പങ്കെന്ന് എഫ്ബിഐ

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി കവർച്ചകളിലൊന്നായി വിലയിരുത്തപ്പെടുന്ന ബിനാൻസ് സൈബർ...

ജീവിതച്ചെലവ് വർധനയും നിർബന്ധിത സൈനിക സേവനവും; ജർമനിയിൽ ജെൻ സി പ്രക്ഷോഭം

ഫ്രാങ്ക്ഫർട്ട്: ജീവിതച്ചെലവ് വർധിക്കുന്നതിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമനിയിൽ യുവജന പ്രക്ഷോഭം....

ടെസ്‌ലയുടെ പുതിയ റോഡ്സ്റ്ററിനായുള്ള ബുക്കിങ് ആരംഭിച്ചു; ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ!

2028-ൽ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച വാഹനത്തിന്റെ അന്തിമ വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല....

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച...

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....