തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പിൽ അന്വേഷണം ശക്തമാകുന്നു. കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറിയത്. വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ശിപാർശ ചെയ്തതായാണ് വിവരം.
ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിൽ തീരുമാനമുണ്ടായേക്കും. മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണമയയ്ക്കൽ, വിദേശനാണയ വിനിമയ ചട്ടലംഘനം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ നടന്നിട്ടുണ്ടെന്ന സൂചനകളാണ് കായിക വകുപ്പ് റിപ്പോർട്ടിലുള്ളത്.
ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അടിയന്തര അന്വേഷണവും നടപടിയും വൈകുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കായിക വകുപ്പിന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കരാറിലേക്ക് എങ്ങനെ എത്തി, മുൻ സർക്കാരിന്റെ പങ്കെന്ത്, സ്പോൺസറെ എങ്ങനെ കണ്ടെത്തി, വിദേശത്തേക്ക് എത്ര തുക അയച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന.
മെസിയുടെ പേരിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സർക്കാരും മുഖ്യമന്ത്രിയും കാണുന്നത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് തന്നെ രൂപീകരിച്ച് ഉത്തരവിറക്കിയേക്കുമെന്നാണ് വിവരം.
വിഷയത്തിലെ തുടർ നടപടികളെക്കുറിച്ച് നേരത്തെ ചോദിച്ചപ്പോൾ, റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.




