കൊച്ചി: റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും ഒരേസമയം പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി ബാലൻ സായൻ സന്ദീപ്. 13-കാരനായ സായൻ വെറും 36.38 സെക്കൻഡിലാണ് മൂന്ന് ദൗത്യങ്ങളും പൂർത്തിയാക്കിയത്.
റോളർ സ്കേറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനൊപ്പം 3×3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം 15 വരികളിലായി നൽകിയ സംഖ്യകളുടെ അബാക്കസ് കണക്കുകൂട്ടലുകൾ കൃത്യമായി പൂർത്തിയാക്കുകയുമായിരുന്നു സായന്റെ നേട്ടം. അസാധാരണമായ ഏകാഗ്രതയും കായികശേഷിയുമാണ് ഈ അപൂർവ നേട്ടത്തിന് പിന്നിൽ.
എറണാകുളം തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കോവിഡ് കാലത്താണ് പരിശീലനം ആരംഭിച്ചത്. ഇന്ദ്രജിത്തിന്റെ ശിക്ഷണത്തിൽ സ്കേറ്റിംഗിലും യൂട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബിലും ബ്രെയിനോ ബ്രെയിൻ അബാക്കസിലും പരിശീലനം നേടി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം സായനെ തേടിയെത്തുന്നത്.
പഠനത്തിനൊപ്പം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കുന്ന സായന്റെ അടുത്ത ലക്ഷ്യങ്ങളും റെക്കോർഡുകൾ തന്നെ. ശ്രാവൺ, സാൻവി എന്നിവരാണ് സായന്റെ സഹോദരങ്ങൾ.




