തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്ന സന്ദർശകരുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ. സെപ്റ്റംബർ രണ്ട് മുതൽ പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ചര വരെയായിരിക്കും സന്ദർശന സമയം.
ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിലെത്തി മറ്റ് സന്ദർശകരെ കാണുക.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം.
മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകാനും സെക്രട്ടേറിയറ്റിലെ തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.
നിലവിൽ സാധാരണ സന്ദർശന സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ സന്ദർശനത്തിനും പരാതി നൽകുന്നതിനും പ്രത്യേക സമയക്രമം ഉണ്ടാകും.




