ഏഷ്യാ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം; ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

ദുബായ്: ഇന്ന് ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം. രാത്രി എട്ടിനാണ് ദുബായിൽ ഫൈനല്‍ മത്സരം തുടങ്ങുക. ഇന്ത്യയും പാകിസ്ഥാനും ടൂർണമെന്‍റിൽ മൂന്നാം തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഹസ്തദാനത്തിനുപോലും തയ്യാറാവാത്ത അയൽക്കാർ. കളിക്കളത്തിന് അപ്പുറത്തേക്ക് നീളുന്ന വീറും വാശിയും. വൻകരയുടെ ചാമ്പ്യൻമാരാവാൻ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമ്പോള്‍ പോരാട്ടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൂര്യകുമാർ യാദവും സംഘവും ഒറ്റക്കളിയും തോൽക്കാതെയാണ് കിരീടപ്പോരിനിറങ്ങുന്നത്. ഇന്ത്യയോടായിരുന്നു പാകിസ്ഥാൻ രണ്ടുകളിയിലും തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും. സൽമാൻ അലി ആഘയ്ക്കും സംഘത്തിനും ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല. ഇന്ത്യയെ മറികടക്കാൻ ഇതുവരെയുളള മികവുകൊണ്ട് പാകിസ്ഥാന് കഴിയില്ലെന്നുറപ്പ്.

അഭിഷേക് ശർമ്മ വെടിക്കെട്ട് തുടക്കം നൽകുന്ന പരിക്കിൽനിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. അഭിഷേകും ശുഭ്മൻ ഗില്ലും ക്രീസിലുറച്ചാൽ ജയത്തിലേക്കുളള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബേ എന്നിവർ അവസരത്തിനൊത്തുയരണം. ജസ്പ്രീത് ബുംറയുടെ വേഗപന്തുകൾക്കൊപ്പം കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവരുടെ സ്പിൻ മികവാകും കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക.

പ്രതിസന്ധികൾ രൂക്ഷമാണ് പാക് നിരയിൽ. നാല് കളിയിൽ പൂജ്യത്തിന് പുറത്തായ സായിം അയൂബും നായകൻ സൽമാൻ അലി ആഘയും അടക്കമുള്ളവർ റൺ കണ്ടെത്താൻ പാടുപെടുന്നു. ബൗളിംഗ് നിരയ്ക്കും മൂർച്ച പോര. ഷഹീൻ ഷാ അഫ്രീദിയുടെ ബൗളിംഗ് മികവ് മാത്രമല്ല അവസാന ഓവറുകളിലെ കൂറ്റനടികളും പാകിസ്ഥാന് നിർണായകം. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് മുഖാമുഖം വരുന്നത്. ഇന്ത്യ ആറാം കിരീടം ലക്ഷ്യമിടുമ്പോൾ രണ്ടാം കീരിടത്തിനായാണ് പാകിസ്ഥാൻ ഇറങ്ങുന്നത്. ടി20യിലെ നേർക്കുനേർ കണക്കിൽ ഇന്ത്യക്ക് സമഗ്രാധിപത്യം. പതിനഞ്ച് കളിയിൽ പന്ത്രണ്ടിലും ജയം. പാകിസ്ഥാൻ ഇനിമുതൽ ഇന്ത്യക്ക് എതിരാളികളേ അല്ലെന്ന് സൂര്യകുമാർ യാദവ് പറയാൻ കാരണവും ഈ കണക്കുകൾ തന്നെ.

Related news

പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടി ലയണൽ മെസ്സി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരം

സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ...

മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ; മൂന്ന് കിരീടനേട്ടങ്ങളുടെ പെരുമയുമായി പടിയിറക്കം

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ....

റൊണാൾഡോയുമായുള്ള തർക്കം; കോച്ച് ജോർജ് ജീസസിനെതിരെ അച്ചടക്കനടപടിക്ക് സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തർക്കത്തിൽ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജീസസിനെതിരെ...

മെസിയുടെ വൈകാരിക വിടവാങ്ങൽ; ‘അർജന്റീനയുടെ കളിക്കാരനായത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം’

അർജന്റീന: ആരാധകരെ വികാരഭരിതരാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ വിടവാങ്ങൽ...

ഇതിഹാസത്തിന് വിരാമം: നീലക്കുപ്പായത്തിൽ ഇനി മെസിയില്ല, മായാജാലം ബാക്കി!

അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസിക്ക് ഇനി മത്സരങ്ങളില്ല...നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ ലോകത്തിന്റെ...