ചാറ്റ് ജിപിടി പോലുള്ള എ.ഐ. ടൂളുകളിൽ ഒരു ചിത്രം സൃഷ്ടിക്കാൻ വേണ്ടത് വിരലിലെണ്ണാവുന്ന നിമിഷങ്ങൾ മാത്രം. എന്നാൽ ഓരോ എ.ഐ. ചിത്രത്തിനും പിന്നിൽ വലിയ തോതിലുള്ള ഊർജ ഉപഭോഗവും കാർബൺ പുറന്തള്ളലും ജല ഉപയോഗവും ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ടെക്സ്റ്റ് നിർദ്ദേശങ്ങൾ മനസ്സിലാക്കി ചിത്രം സൃഷ്ടിക്കാൻ ഡാറ്റാ സെന്ററുകളിലെ ഉയർന്ന ശേഷിയുള്ള ജി.പി.യു. പ്രൊസസറുകൾ പ്രവർത്തിക്കണം. ഉയർന്ന നിലവാരത്തിലുള്ള ഒരു എ.ഐ. ചിത്രം നിർമ്മിക്കാൻ ഒരു സ്മാർട്ട്ഫോൺ പൂർണമായി ചാർജ് ചെയ്യാൻ ആവശ്യമായത്ര ഊർജം വേണ്ടിവരാമെന്നാണ് എം.ഐ.ടി. ടെക്നോളജിയിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
എ.ഐ. ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപയോഗം വരും വർഷങ്ങളിൽ വൻതോതിൽ ഉയരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എ.ഐ. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജല ഉപഭോഗവും ഗണ്യമായി വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
88 എ.ഐ. മോഡലുകളിലെ വിവിധ പ്രവർത്തനങ്ങൾ പഠിച്ച ഗവേഷണത്തിൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗവും കാർബൺ പുറന്തള്ളലും രേഖപ്പെടുത്തിയത് എ.ഐ. ഉപയോഗിച്ചുള്ള ചിത്രനിർമാണത്തിലായിരുന്നു. സ്റ്റേബിൾ ഡിഫ്യൂഷൻ എക്സ്എൽ പോലുള്ള മോഡലുകൾ ഉപയോഗിച്ച് ആയിരം ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ പുറന്തള്ളൽ പെട്രോൾ കാറിൽ ഏകദേശം 6.4 കിലോമീറ്റർ സഞ്ചരിക്കുന്നതിന് തുല്യമാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
എ.ഐ. ഡാറ്റാ സെന്ററുകളുടെ ആഘാതം ഊർജത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഉയർന്ന ശേഷിയുള്ള പ്രൊസസറുകൾ സൃഷ്ടിക്കുന്ന ചൂട് നിയന്ത്രിക്കാൻ വൻതോതിൽ വെള്ളവും ആവശ്യമായി വരുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന ഡാറ്റാ സെന്ററുകൾ കാർബൺ പുറന്തള്ളലിനും കാരണമാകുന്നു.
എ.ഐ. സാങ്കേതികവിദ്യയുടെ പ്രയോജനം ലോകമെമ്പാടും ലഭിക്കുമ്പോഴും അതിന്റെ പാരിസ്ഥിതിക ആഘാതം ചില പ്രത്യേക പ്രദേശങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു ആശങ്ക. അതിനാൽ അനാവശ്യമായ എ.ഐ. ഉപയോഗം കുറയ്ക്കുകയും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകുകയും വേണമെന്നാണ് പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്.




