റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണു; കോതമംഗലത്ത് ഒന്നര വയസ്സുകാരനായ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്നാണ് ഷോക്കേറ്റതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പുതുക്കുന്നത്ത് ജോൺ പി. പോളിന്റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറോളം വരുന്ന റബർ തോട്ടത്തിലാണ് സംഭവം.

രാത്രിയിൽ ഭക്ഷണം തേടിയെത്തിയ കാട്ടാനക്കൂട്ടം റബർ മരം തള്ളിമറിച്ചതോടെ മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈൻ താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി കമ്പി തുമ്പിക്കൈയിൽ പിടിച്ച നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. തുമ്പിക്കൈയിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.

റബർ തോട്ടത്തിലെ കാനയിലെ വെള്ളവുമായി വൈദ്യുതി ബന്ധമുണ്ടായതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്.

വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതിനാൽ സമീപത്തുണ്ടായിരുന്ന തള്ളയാനയ്ക്കും കൂട്ടത്തിലെ മറ്റ് ആനകൾക്കും കുട്ടിയാനയെ രക്ഷിക്കാനായില്ലെന്നാണ് നിഗമനം. പിന്നീട് ആനക്കൂട്ടം വനത്തിലേക്ക് മടങ്ങി.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആനക്കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് കോടനാട് റേഞ്ച് ഓഫീസർ അറിയിച്ചു. വാമാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള എട്ടംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനക്കുട്ടിയുടെ ജഡം വനത്തിൽ സംസ്കരിക്കും.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതേത്തുടർന്ന് കൃഷിയിടവും വീടും ഉപേക്ഷിച്ച് ചില കുടുംബങ്ങൾ താമസം മാറിയതായും നാട്ടുകാർ പറഞ്ഞു.

spot_img

Related news

സംസ്ഥാനത്ത് ഇന്നും ചൂട് കൂടിയേക്കും; സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ...

മുത്തശ്ശിക്ക് ജീവനാംശം നൽകാൻ മരുമകൾക്കും പേരക്കുട്ടിക്കും ബാധ്യതയില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മരുമകളിൽനിന്നും പേരക്കുട്ടിയിൽനിന്നും ജീവനാംശം ആവശ്യപ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണത്തിന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണത്തിന് മുന്നറിയിപ്പ് നൽകുമെന്ന് വൈദ്യുതി...