ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കുള്ള ബുക്കിങ് ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചതായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ഇതോടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഒരു ബുക്കിങ്ങിന് ശേഷം 25 ദിവസം പൂർത്തിയായാൽ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനാകും. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫില്ലിങ്ങിലെ കാലതാമസം കുറഞ്ഞതുമാണ് നിയന്ത്രണം പുനഃക്രമീകരിക്കാൻ കാരണം.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ ബുക്കിങ് ഇടവേള വർധിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ നഗരമേഖലയിൽ 25 ദിവസവും ഗ്രാമീണ മേഖലയിൽ 45 ദിവസവുമായിരുന്നു ഇടവേള നിശ്ചയിച്ചിരുന്നത്. പുതിയ ഇളവോടെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.




