ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖ കമ്പനിയായ ഫ്ളിപ്കാർട്ട് ഭക്ഷണവിതരണ സേവന മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സേവനം ആരംഭിക്കുമെന്ന് ഫ്ളിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ലഭ്യമാക്കുക. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷമായിരിക്കും രാജ്യമൊട്ടാകെ സേവനം വ്യാപിപ്പിക്കുക. ഭക്ഷണവിതരണത്തിനായി പ്രത്യേക ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ള ഫ്ളിപ്കാർട്ട് ആപ്പിലൂടെയും സേവനം ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ ആദ്യഘട്ടം ഏത് നഗരത്തിലാണ് ആരംഭിക്കുകയെന്നും സേവനത്തിന് എന്ത് പേരായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
സർക്കാരിന്റെ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് അഥവാ ഒ.എൻ.ഡി.സി ശൃംഖലയുമായി സഹകരിച്ചായിരിക്കും ഫ്ളിപ്കാർട്ടിന്റെ ഭക്ഷണവിതരണ സേവനം പ്രവർത്തിക്കുകയെന്നാണ് സൂചന. കുറഞ്ഞ നിരക്കിനേക്കാൾ ഉപരിയായി വേഗത്തിലുള്ള വിതരണം, കൂടുതൽ റെസ്റ്റോറന്റുകളുടെ പങ്കാളിത്തം, മികച്ച ഉപഭോക്തൃ അനുഭവം എന്നിവയ്ക്കായിരിക്കും കമ്പനി മുൻഗണന നൽകുക. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഭക്ഷണവിതരണ വിപണിയിലേക്ക് ഫ്ളിപ്കാർട്ട് എത്തുന്നതോടെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.




