പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദിവ്യയെ പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് സംരക്ഷിക്കുന്നത്. ദിവ്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. ഒളിവില്‍ പോകാന്‍ ആരാണ് സഹായിച്ചത് എന്നതിനൊക്കെ മറുപടി വേണം -സുരേന്ദ്രന്‍ വ്യക്തമാക്കി.
പി പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ആത്മാര്‍ത്ഥതയില്ല. എന്തുകൊണ്ട് സര്‍ക്കാര്‍ പി.പി ദിവ്യയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല? എഡിഎമ്മിന്റെ കുടുംബത്തെ സര്‍ക്കാരും മുഖ്യമന്ത്രിയും പരിഹസിക്കുന്നു -സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പി സരിന്റെ വോട്ടു ചോര്‍ച്ച ആരോപണത്തിലും സുരേന്ദ്രന്‍ പ്രതികരിച്ചു. കഴിഞ്ഞ തവണ ഷാഫി പറമ്പിലിനു പോയത് എല്‍ഡിഎഫിന്റെ വോട്ടുകളാണ്. ഏതു ഡീലിന്റെ ഭാഗമായിട്ടായിരുന്നു നീക്കമെന്നു എം വി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയണം. അങ്ങനൊരു ഡീല്‍ ഉണ്ടോ എന്നു വി ഡി സതീശനും വ്യക്തമാക്കണം. എന്താണ് തുറന്നു സമ്മതിക്കാന്‍ മടി. ആരാണ് ഇടനില നിന്നതെന്നും വ്യക്തമാക്കണം. സുരേന്ദ്രന്‍ വ്യക്തമാക്കി.
യുഡിഎഫ് എന്ത് ഡീല്‍ ആണ് പി വി അന്‍വറുമായിട്ട് ഉണ്ടാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. എന്ത് പ്രത്യുപകാരമാണ് ചെയ്തു കൊടുക്കുന്നതെന്നും അന്‍വറിനെ മുന്നണിയില്‍ എടുത്തോ എന്നു യുഡിഎഫ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും യുഡിഎഫിനും എല്‍ഡിഎഫിനും ഇടയില്‍ നടക്കുന്ന ഡീല്‍ അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആശയങ്ങള്‍ മറന്നു യോജിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അതിനുള്ള തിരിച്ചടി ഉണ്ടാകും. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സങ്കുചിത താത്പര്യങ്ങള്‍ക്ക് പാലക്കട്ടെയും ചേലക്കരയിലെയും ജനങ്ങള്‍ മറുപടി പറയും -സുരേന്ദ്രന്‍ വ്യക്തമാക്കി.