വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതൽ സമാധാനപൂർണമാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ്. വെറ്ററൻസ് ഡേ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിക്കുന്നതോടെ ലോകം കൂടുതൽ സുരക്ഷിതമായ ഇടമായി മാറുമെന്നും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനികരുടെ ധൈര്യത്തെയും വൈദഗ്ധ്യത്തെയും അദ്ദേഹം പ്രശംസിച്ചു. വാഷിങ്ടണിന് സമീപമുള്ള ആർലിങ്ടൺ ദേശീയ സെമിത്തേരിയിൽ നടന്ന ചടങ്ങിൽ സൈനികരുടെ ശവകുടീരങ്ങളിൽ ട്രംപ് പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതുവരെ 23 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പെന്റഗണിന്റെ കണക്ക്.
അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാൻ സുരക്ഷാ മേധാവി മോഹ്സെൻ റെസായിയും രംഗത്തെത്തി. വിവിധ മേഖലകളിൽ സംഘർഷം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.
യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനിടെ മേഖലയിലെ സംഘർഷാവസ്ഥ തുടരുകയാണ്.




