ചെന്നൈ: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യപിച്ച് രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നും ടിവികെ എംഎൽഎ അരുള്‍ വിഗ്നേഷിനെതിരെ പരാതി. കള്ളക്കുറിച്ചി എംഎൽഎക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
കളക്ടറുടെ കുടുംബം മന്ത്രി എൻ. ആനന്ദിനെ പരാതി അറിയിച്ചതായാണ് വിവരം. എംഎൽഎയെ താക്കീത് ചെയ്തതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ആരോപണങ്ങൾ അരുള്‍ വിഗ്നേഷ് നിഷേധിച്ചു. വനിതാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്നും തനിക്കെതിരെ വസ്തുതാവിരുദ്ധമായ അപവാദപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലയിലെ ബസ് സ്റ്റാൻഡ് നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലുള്ള പ്രതികാര നടപടിയാണിതെന്നും ആരോപിച്ചു. അപവാദപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തി. ടിവികെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനനില തകരുകയാണെന്നും കൊലപാതകങ്ങളും മോഷണങ്ങളും വർധിക്കുകയാണെന്നും അവർ ആരോപിച്ചു. ഒരു ജില്ലാ കളക്ടർക്ക് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും വിമർശിച്ച കനിമൊഴി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും തേടി.




