കൊച്ചി: കൊച്ചിയിൽ പൊലീസുകാർക്ക് നേരെ വീണ്ടും ആക്രമണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച യുവാവ് പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പിടിയിലായത്. നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ് കടിയേറ്റത്.
നോർത്ത് പാലത്തിന് സമീപത്തുനിന്നാണ് ഇക്ബാലിനെ പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിച്ച് അവശനിലയിലായിരുന്ന ഇയാൾ ആശുപത്രിയിൽ വെച്ചാണ് പൊലീസുകാരനെ ആക്രമിച്ചത്.
അതിനിടെ, കൊച്ചിയിൽ മറ്റൊരു സംഭവത്തിൽ എസ്.ഐക്ക് നേരെയും ആക്രമണമുണ്ടായി. കൊല്ലം സ്വദേശി അജ്മലാണ് പിടിയിലായത്. ഇന്ദിരാഗാന്ധി ആശുപത്രിയിൽ അജ്മൽ ബഹളം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിയ എസ്.ഐ ഹരികൃഷ്ണനെ അജ്മൽ ആക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനും പൊലീസ് കേസെടുത്തു.
അതേസമയം, കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഇടിച്ച് ട്രാഫിക് പൊലീസുകാരനും പരിക്കേറ്റിരുന്നു. ഹൈക്കോടതിക്ക് സമീപം വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. സി.പി.ഒ ശ്രീദത്ത് ചികിത്സ തേടി. അപകടമുണ്ടാക്കിയ മഹാത്മ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മേനക ഭാഗത്തുനിന്ന് അമിതവേഗത്തിലും അശ്രദ്ധമായും എത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ചിട്ടത്.




