കൊൽക്കത്ത: റൺവേയിൽ അപ്രതീക്ഷിതമായി കുറുക്കനെ കണ്ടതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. ചെന്നൈയിൽ നിന്ന് എത്തിയ വിമാനത്തിന്റെ പൈലറ്റാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് റൺവേയിൽ കുറുക്കനെ കണ്ടത്. ഉടൻ എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു. തുടർന്ന് ലാൻഡിങ് ഒഴിവാക്കി വിമാനം വഴിതിരിച്ചുവിടാൻ എടിസി നിർദേശം നൽകി. വിമാനം പിന്നീട് ദുർഗാപൂരിലെ അണ്ടാൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ഇതിനിടെ, കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായ ഹൈജാക്ക് ഭീഷണിയും ആശങ്ക സൃഷ്ടിച്ചു. വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയിൽ ഹൈജാക്ക് ഭീഷണി സന്ദേശം എഴുതിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ജീവനക്കാർ എടിസിയെ അറിയിച്ചു.
തുടർന്ന് വിമാനം പ്രത്യേക സുരക്ഷാ മേഖലയിലേക്ക് മാറ്റി. സിഐഎസ്എഫും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്തിനുള്ളിലും ലഗേജ് സൂക്ഷിക്കുന്ന ഇടങ്ങളിലും വിശദമായ പരിശോധന നടത്തി. പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. സന്ദേശം എഴുതിയത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് അഞ്ചോടെയാണ് യാത്ര തിരിച്ചത്.
ഒരേ ദിവസം കൊൽക്കത്ത വിമാനത്താവളത്തിലുണ്ടായ രണ്ട് സംഭവങ്ങളും വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തിയിരിക്കുകയാണ്.




