ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക പരാമർശങ്ങൾ. അതേസമയം, ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ സഹസംവിധായികയെ പോലീസ് ചോദ്യം ചെയ്തു.
തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന രഞ്ജിത്തിന്റെ വാദം കോടതി തള്ളി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ പ്രകടമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, അഞ്ച് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് എന്നതും, പ്രതിയുടെ ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സമൂഹത്തിൽ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ആശങ്ക കോടതി ഗൗരവമായി എടുത്തു. എങ്കിലും പ്രതി ഒളിവിൽ പോകാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് എറണാകുളം സബ് ജയിലിൽ നിന്നും രഞ്ജിത്ത് പുറത്തിറങ്ങിയത്. മാർച്ച് 31-നായിരുന്നു തൊടുപുഴയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിലെ പുതിയ നീക്കമായി സഹസംവിധായിക ശാലിനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്ന സംശയത്തിലാണ് നടപടി. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (IC) അംഗം കൂടിയായ ഇവർ, കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. നിലവിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷം രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.




