അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
ഇന്ന് രാവിലെ മേൽശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഓഫീസ് മുറിയുടെ വാതിൽ തുറന്ന നിലയിലായിരുന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ഉൾപ്പെടെ മോഷ്ടാക്കൾ കവർന്നു.
ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണത്താലികളും പണവും മോഷണം പോയി. സഹായനിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികൾ കുത്തിത്തുറന്നാണ് പണം കവർന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളുടെ രണ്ട് ഡി.വി.ആറുകളും മോഷ്ടാക്കൾ കൊണ്ടുപോയി.
അതേസമയം, മോഷ്ടാക്കൾ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് നിന്ന് ഒരു ഹെൽമറ്റും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.




