അക്ഷരമുറ്റത്ത് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട പ്രധാനാധ്യാപിക അജിത ടീച്ചർ ഇന്ന് ചേതനയറ്റ ഓർമ്മയായി പാലൂരിലെ സ്വന്തം വസതിയിൽ. വാൽപാറയിലെ ആ ദാരുണമായ കൊടുംവളവിൽ വിദ്യാലയത്തിന്റെ നെടുംതൂണായിരുന്ന അജിത ടീച്ചറുടെ വിയോഗം ഇനിയും ഉൾക്കൊള്ളാൻ പാലൂർ ഗ്രാമത്തിന് കഴിഞ്ഞിട്ടില്ല. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സഹപ്രവർത്തകരും കുരുന്നുകളും അന്ത്യോപചാരം അർപ്പിക്കുന്നത്.
വിദ്യാലയത്തിലെ ഓരോ പ്രവർത്തനത്തിലും കുട്ടികൾക്കൊപ്പം ചേർന്നുനിന്ന മാതൃകാധ്യാപികയായിരുന്നു ടീച്ചറെന്ന് വിതുമ്പലോടെ നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വിദേശത്തുള്ള അജിത ടീച്ചറുടെ രണ്ട് പെൺമക്കളും വരാനായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. മക്കൾ എത്തിയ ശേഷം മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ഷൊർണൂർ ശാന്തിതീരത്ത് വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
പാങ്ങ് സ്കൂളിനെയും പാലൂർ ഗ്രാമത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് അജിത ടീച്ചറുടെ മടക്കം. അധ്യാപന ജീവിതത്തിൽ താൻ സ്നേഹിച്ച പ്രിയപ്പെട്ട വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും പാതിവഴിയിൽ ഉപേക്ഷിച്ച് ടീച്ചർ യാത്രയാകുമ്പോൾ ഒരു നാട് മുഴുവൻ വിങ്ങുകയാണ്.




