വിക്കിപീഡിയക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നല്‍കുന്നതെന്ന പരാതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പബ്ലീഷറായി വിക്കീപിഡിയയെ പരിഗണിക്കരുതെന്നും കേന്ദ്രസര്‍ക്കാറിന് ലഭിച്ച പരാതികളില്‍ പറയുന്നു. പരാതികള്‍ വര്‍ധിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
ഡല്‍ഹി ഹൈക്കോടതിയില്‍ വിക്കിപീഡിയക്കെതിരായ നിയമപോരാട്ടത്തിനിടയിലാണ് നോട്ടീസ് അയച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിക്കീപിഡിയയില്‍ തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി നല്‍കിയിരുന്നു. എഎന്‍ഐയുടെ എന്‍ട്രിയില്‍ എഡിറ്റുകള്‍ നടത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്‍ഐയെ കേന്ദ്ര സര്‍ക്കാരിന്റെ പ്രോപഗണ്ട ടൂള്‍ എന്നാണ് വിക്കിപീഡിയയില്‍ പറയുന്നത്.
സൗജന്യമായ എന്‍സൈക്ലോപീഡിയയെന്നാണ് വിക്കിപീഡിയ അവകാശപ്പെടുന്നത്. അതില്‍ പുതിയ പേജുകള്‍ കൂട്ടിച്ചേര്‍ക്കാനും നിലവിലുള്ള ഉള്ളടക്കം തിരുത്താനും വിക്കീപിഡയയുടെ വളണ്ടിയര്‍മാര്‍ക്ക് സാധിക്കും. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് വിഷമകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ഇതേ വിഷയത്തില്‍ പ്രത്യേക വാദം കേള്‍ക്കുമ്പോള്‍, തിരുത്തലുകള്‍ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തടഞ്ഞുവച്ചതിന് ഹൈക്കോടതി വിക്കിപീഡിയയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.