തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള നടപടികൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തിൽ പ്രാഥമിക പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.
തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോകുന്നു. അപകടകാരികളായി കണ്ടെത്തുന്ന തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. ഇതിനായി പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കിയതായാണ് സർക്കാർ അറിയിച്ചത്.
ഓരോ തദ്ദേശ സ്ഥാപനത്തിലും പ്രത്യേക സമിതികൾ രൂപീകരിക്കും. നായ ദയാവധത്തിന് വിധേയമാക്കണോ എന്ന കാര്യത്തിൽ ഈ സമിതിയാകും തീരുമാനമെടുക്കുക. തെരുവുനായ്ക്കൾക്കായുള്ള ഷെൽട്ടറുകൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും.
രണ്ടിൽ കൂടുതൽ നായ്ക്കളെ സംരക്ഷിക്കുന്ന വീടുകളെ ‘സ്മോൾ ഷെൽട്ടർ’ ആയി പരിഗണിച്ച് പ്രത്യേക ലൈസൻസ് നൽകാനും സർക്കാർ ആലോചിക്കുന്നു. അതോടൊപ്പം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.




