സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി.
മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ചർച്ച നടത്തി സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ സജ്ജരായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും രക്ഷാപ്രവർത്തനങ്ങൾക്കും മുൻഗണന നൽകണമെന്ന് നിർദേശം നൽകി.
അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ വെസൽ ഉപയോഗിച്ച് കടലിലും മറൈൻ എൻഫോഴ്സ്മെന്റ് സംഘം സ്ഥലത്തും തിരച്ചിൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം സർക്കാർ നിരന്തരം വിലയിരുത്തുകയാണെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




