സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു.
കോഴിക്കോട് കോടഞ്ചേരി ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചുപോയി. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ സമീപ പ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കാസർകോട് ചിറ്റാരിക്കലിലെ തയ്യേനി വായിക്കാനത്തും ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് മലവെള്ളപ്പാച്ചിൽ ശക്തമാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. കാട്ടുകുളം അത്താണിപ്പടിയിലെ നാലകത്ത് അലിയുടെ വീടിന്റെ ഭിത്തിയാണ് പൂർണമായും തകർന്നത്. അപകടസമയത്ത് വീട്ടുകാർ സുരക്ഷിതമായി രക്ഷപ്പെട്ടു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് പേർ മരിച്ചിരുന്നു. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരനും, മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും, വണ്ടൂരിൽ രണ്ടര വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴക്കെടുതി കൂടുതൽ രൂക്ഷമായത്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി വെള്ളം കയറി.
ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നതിനിടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും അഭ്യർഥിച്ചു.




