സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാൻ പാർട്ടി പ്രവർത്തകരോട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ഭീഷണിയിലാണെന്നും ഇത്തരം മേഖലകളിൽ പാർട്ടി പ്രവർത്തകർ ഇതിനകം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ദുരിതബാധിതർക്ക് ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. ദുരിതമേഖലകളിൽ ആരും ഒറ്റപ്പെടുകയോ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും അപകടഭീഷണിയുള്ള പ്രദേശങ്ങളിലെ മുഴുവൻ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും പാർട്ടി പ്രവർത്തകരോട് നിർദേശിച്ചു.
മഴയ്ക്ക് ശമനമുണ്ടാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ശുചീകരണ പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തകർ സജീവമായി പങ്കെടുക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
മഴക്കെടുതി സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളായ എല്ലാ സന്നദ്ധപ്രവർത്തകർക്കും വിവിധ ഏജൻസികൾക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിനന്ദനം അറിയിച്ചു.




