കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43-കാരൻ രോഗമുക്തനായി സാധാരണ ജീവിതത്തിലേക്ക്. അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 11-നാണ് ഗുരുതരാവസ്ഥയിൽ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനെയിലെ എൻ.ഐ.വി.യിലും നടത്തിയ പരിശോധനകളിലാണ് നിപ സ്ഥിരീകരിച്ചത്. ആഴ്ചകളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് രോഗി സുഖം പ്രാപിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കിയത്. രോഗി സന്ദർശിച്ച ആശുപത്രികൾ, തൊഴിലിടങ്ങൾ, മറ്റ് സമ്പർക്ക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി. ജില്ലാതല കൺട്രോൾ റൂം ആരംഭിക്കുകയും 104 പേരെ ഉൾപ്പെടുത്തി സമ്പർക്ക പട്ടിക തയ്യാറാക്കി നിരീക്ഷണത്തിലാക്കുകയും ചെയ്തു. എല്ലാവരും നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാന മന്ത്രിമാരും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രോഗിയുടെ രോഗമുക്തിയോടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.




