സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കോട്ടയം താലൂക്കിലെയും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലെയും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇതിന് പുറമെ വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, മഴയ്ക്കൊപ്പം തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും ഇന്ന് രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഈ മേഖലകളിൽ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.




