കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
നാളെ എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിൽ തുടരുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇടവിട്ട് മഴ ലഭിക്കുന്നത് സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായിട്ടുണ്ട്. എന്നാൽ, മഴ ലഭിച്ചിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണമായ പരിഹാരമായിട്ടില്ല.




