ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തം. ജന്തർ മന്തറിലേക്ക് യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് തുടക്കമായി.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചും പൊലീസ് തടഞ്ഞു. പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ ജന്തർ മന്തറിലേക്ക് എത്തിയ ആംആദ്മി പാർട്ടി പ്രവർത്തകരെയും പൊലീസ് തടഞ്ഞു. എൻഎസ്യുഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
ജന്തർ മന്തറിലേക്കുള്ള വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും ചില മെട്രോ പ്രവേശനകവാടങ്ങൾ അടച്ചും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്റർനെറ്റ് സേവനവും തടസ്സപ്പെടുത്തിയതായി പ്രതിഷേധക്കാർ ആരോപിച്ചു. നിയന്ത്രണങ്ങൾക്കിടയിലും പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ ചെറുസംഘങ്ങളായും കൂട്ടമായും ജന്തർ മന്തറിലേക്ക് എത്തി പ്രതിഷേധം തുടരുകയായിരുന്നു.
അതേസമയം, ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ചുകൾക്കും ഇന്ന് തുടക്കമായി. ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രധാന ആവശ്യം.
മുംബൈയിലും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വൈകിട്ട് ജയിൽ നിറയ്ക്കൽ സമരം നടക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




