ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൈലറ്റ് ഇൻ കമാൻഡിന് കുരുക്ക് മുറുകുന്നു. വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതുപോലെയാണ് പെരുമാറിയതെന്നും, നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും കാണിച്ച് ക്യാബിൻ ക്രൂ അംഗം പരാതി നൽകിയതായാണ് പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞ മാസം ഓഗസ്റ്റ് നാലിനാണ് സംഭവത്തിന് ആസ്പദമായ അപകടമുണ്ടായത്. വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതിനെ തുടർന്ന് 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരുക്കേറ്റത്.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. സാങ്കേതിക തകരാറുകൾ, പ്രവർത്തനപരമായ വീഴ്ചകൾ, മെഡിക്കൽ വശങ്ങൾ, മനുഷ്യപിഴവുകൾ എന്നിവയെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സമാനമായ അപകടങ്ങൾ ആവർത്തിക്കരുതെന്ന് രാജ്യത്തെ മുഴുവൻ വിമാന കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ‘സൈക്കോ ആക്ടീവ് സബ്സ്റ്റൻസ്’ ഉപയോഗവുമായി ബന്ധപ്പെട്ട ഡി.ജി.സി.എ ചട്ടങ്ങൾ പുനഃപരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ വ്യോമയാന മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂവെന്നും, മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മുൻവിധികളിലെത്തരുതെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.




