പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാനിലേക്കുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ബഹ്റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ജോർദാനിലെ പ്രിൻസ് ഹസൻ സൈനിക താവളവും ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ അനുമതിയില്ലാതെ പ്രവേശിച്ചെന്നാരോപിച്ച് സൈപ്രസ് പതാകയുള്ള ഒരു ചരക്കുകപ്പലും ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തി. ബന്ദർ അബ്ബാസ്, ഖഷാം ദ്വീപ്, സിരിക്ക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ സൈനിക നടപടിയാണിതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഇറാൻ അംഗീകരിക്കാത്ത പാതയിലൂടെ കപ്പലുകൾ സഞ്ചരിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ രക്തത്തിന് ആഗോളതലത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചു. ഇതിനായി ഉത്തരവാദികളെന്ന് ആരോപിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഈ ദൗത്യം ഏറ്റെടുക്കുമെന്നുമാണ് മുന്നറിയിപ്പ്.




