കൊച്ചി നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. 19 വയസ്സുകാരനായ സുഹൈൽ സജീവിനെതിരെയാണ് പൊലീസ് കേസെടുത്തത്. അപകടസമയത്ത് വാഹനം അമിതവേഗത്തിലായിരുന്നുവെന്നും കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ അരുൺ ബി.കെ. അറിയിച്ചു.
ഡ്രൈവർ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ രക്തസാമ്പിൾ ശേഖരിച്ചു. ലഹരി ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), കർണാടക സ്വദേശിയായ ഇയാസ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
അപകടത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാർ. രാജഗിരിയിൽ ബി.കോം വിദ്യാർഥിയാണ് സുഹൈൽ. അപകടത്തെത്തുടർന്ന് കാർ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.




