അൽഷിമേഴ്സ് ബാധിച്ച് ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത 93കാരിയുടെ ഗാർഡിയനായി 76കാരിയായ സഹോദരിയെ നിയമിക്കാൻ ഹൈക്കോടതിയുടെ അനുമതി. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ രോഗിക്ക് കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
എറണാകുളം കോലഞ്ചേരി സ്വദേശിനികളായ ഇരുവരും അവിവാഹിതരാണ്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മറവിരോഗം ബാധിച്ചവരുടെ ഗാർഡിയനെ നിയമിക്കുന്ന കാര്യത്തിൽ നിലവിലെ നിയമങ്ങളിൽ വ്യക്തമായ വ്യവസ്ഥകളില്ലെന്നതും കോടതി പരിഗണിച്ചു.
ഗാർഡിയനായി നിയമിക്കപ്പെട്ട സഹോദരി ബാങ്കിലെ പണം വിനിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ആറുമാസത്തിലൊരിക്കൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പണം നിയമാനുസൃതമായ ആവശ്യങ്ങൾക്ക് മാത്രമേ ചെലവഴിക്കാവൂ എന്നും കോടതി നിർദേശിച്ചു. ഗാർഡിയന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ കോടതിയെ സമീപിക്കാം. രോഗിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചാലും കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.




