ഇംഗ്ലണ്ടിൽ എം.ബി.എ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ട് വർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ ഇടപെട്ട് കേരള ഹൈക്കോടതി. യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് കോടതി നിർദേശിച്ചു. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2024 ജനുവരി എട്ടിനാണ് യുവതി പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഹർഷ്ദീപ് സിങ് എന്നയാൾ മകളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. യുവതി സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടിയാണ് കോടതിയെ സമീപിച്ചത്.
നേരത്തേ മാതാപിതാക്കൾ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പരാതി നൽകിയിരുന്നു. യുവതിയും ഹർഷ്ദീപ് സിങ്ങും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഹർജിയിൽ പറയുന്നു. യുവതിയുടെ നിലവിലെ സ്ഥിതിയിൽ വ്യക്തത വരുത്തുന്നതിനാണ് ഹൈക്കോടതി ഹൈക്കമ്മീഷനോട് റിപ്പോർട്ട് തേടിയത്.




