തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവത്തിൽ വിമാനം ഏർപ്പാടാക്കിയത് ആരാണെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി വി.ഡി. സതീശൻ.
യാത്രയുടെ ചെലവ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച സതീശൻ, മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്ന് വ്യക്തമാക്കി. വിമാനം ഏർപ്പാടാക്കിയത് ഒരു പരിചയക്കാരനായ മലയാളിയാണെന്നും, ആരാണ് പണം മുടക്കിയതെന്ന് പറയേണ്ടതിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് വലിയ ദുരന്തമുണ്ടായ സാഹചര്യത്തിലാണ് താൻ അവിടേക്ക് പോയത്. പോകാതിരുന്നാൽ ആറ് പേർ മരിച്ചിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന തരത്തിലുള്ള വിമർശനം ഉയരുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
പരിചയക്കാരൻ വിമാനം ഏർപ്പാടാക്കി തന്നതിലാണ് യാത്ര നടത്തിയതെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഇനിയും ഇത്തരം സാഹചര്യങ്ങളിൽ മലപ്പുറത്തേക്ക് പോകുമെന്നും സതീശൻ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും സമാനമായി വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പിണറായി വിജയൻ ആരുടെ വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് താൻ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനം ഏർപ്പാടാക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഔദാര്യബാധ്യതയുണ്ടെന്ന വാദവും സതീശൻ തള്ളി. യാത്രയ്ക്കായി പണം മുടക്കിയത് ആരാണെന്ന് വെളിപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




