കൊച്ചി: മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴയും ഇടിമിന്നലും വ്യാപക നാശനഷ്ടം വിതച്ചു. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കാസർഗോഡ് കുമ്പള ദേവീനഗറിലും ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടമുണ്ടായി. പുതിയ വീടിന്റെ മെയിൻ സ്വിച്ചും ഇലക്ട്രിക് മീറ്ററും കത്തിനശിച്ചു.
കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണൂർ കാക്കയംചാലിൽ വീടിന്റെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് വീണു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.




