വിവിധ കേസുകളിൽ പ്രതിയായ റാപ്പർ വേടന് യുകെയിലേക്കും അയർലൻഡിലേക്കും പോകാൻ പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം. കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പി.സി.സി നൽകാനാണ് റീജനൽ പാസ്പോർട്ട് ഓഫീസർക്ക് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർദേശം.
ക്രിമിനൽ കേസുകൾ നിലവിലുള്ളതിനാൽ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമായതിനെ തുടർന്ന് പി.സി.സി അനുവദിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്താണ് ഹിരൺ ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചത്.
ക്രിമിനൽ കേസിൽ പ്രതിയായതിന്റെ പേരിൽ മാത്രം വിദേശയാത്രയ്ക്കുള്ള അവകാശം പൂർണമായി നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായാണ് വേടൻ യുകെയിലേക്കും അയർലൻഡിലേക്കും പോകുന്നത്. നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലും വേടൻ പ്രതിയാണ്.




