തിരുവനന്തപുരം: വെള്ളല്ലൂരിൽ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ അച്ഛനേയും മകനേയും കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കിളിമാനൂർ കാനാറയിലെ ഒഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. കുറവൻകുഴി-അടയമൺ റോഡിനു സമീപത്തെ പറമ്പിൽ നിന്നാണ് ഒന്നാം പ്രതി സുധീഷിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കണ്ടെടുത്തത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വടശേരിക്കോണം സ്വദേശിയായ അനിൽകുമാറിനും മകൻ അച്ചുവിനും നേരെ ക്രൂരമായ മർദനമുണ്ടായത്. മകളുമായുള്ള വിവാഹാലോചന നിരസിച്ച വൈരാഗ്യത്തിലായിരുന്നു അക്രമം. ആദ്യം അനിൽകുമാറിനെയും പിന്നീട് മകനെയും കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രധാന പ്രതി സുധീഷിന്റെ ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചങ്ങല കൊണ്ട് ബന്ധിച്ച് മണിക്കൂറുകളോളം കെട്ടിയിട്ട് മർദ്ദിച്ചു. രാവിലെ 10 മണിയോടെ തുടങ്ങിയ പീഡനം സന്ധ്യവരെ തുടർന്നുവെന്നാണ് അനിൽകുമാറിന്റെ മൊഴി. പണിതീരാത്ത വീടിന്റെ അകത്ത് അലുമിനിയം ഷീറ്റും കണ്ണാടിയും ഉപയോഗിച്ച് തീർത്ത പ്രത്യേക ഇടിമുറി ഒരുക്കിയായിരുന്നു ക്രൂര പീഡനം നടത്തിയത്.
കേസിലെ പ്രധാന പ്രതികളായ സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നിവർക്ക് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിക്രമം നടന്ന വീട്ടിൽ കിളിമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. നാടൻ ബോംബ്, കത്തി, കട്ടിങ് പ്ലെയർ, വെടിമരുന്ന്, ഇരുമ്പ് വടികൾ, ചങ്ങലകൾ എന്നിവയാണ് ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തത്. പ്രതികളെ ഉടൻ തന്നെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.




