ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30-നാണ് വിക്ഷേപണം. സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസാണ് വിക്രം-1 വികസിപ്പിച്ചിരിക്കുന്നത്.
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റെന്ന പ്രത്യേകതയും വിക്രം-1-നുണ്ട്. ഏകദേശം 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലേക്ക് 450 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ എത്തിക്കാൻ കഴിയും.
എന്നാൽ ആദ്യ ദൗത്യത്തിൽ ഉപഗ്രഹങ്ങളല്ല, വിവിധ സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ച ആറ് സാങ്കേതിക പേലോഡുകളാണ് വിക്രം-1 വഹിക്കുന്നത്. ബഹിരാകാശ മാലിന്യങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ്, സാങ്കേതിക പരീക്ഷണ ഉപകരണങ്ങൾ, സ്കൈറൂട്ടിന്റെ സ്വന്തം പരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‘ഓപ്പറേഷൻ ആഗമൻ’ എന്നാണ് ഈ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ അതിസൂക്ഷ്മ പ്രതിമകളും ലാബിൽ നിർമിച്ച ഡയമണ്ട് ആഭരണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് ഉൾപ്പെടെയുള്ള ആശംസാ സന്ദേശങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളുള്ള പൂർണ ഖരഇന്ധന റോക്കറ്റായ വിക്രം-1, ഏകദേശം 15 മിനിറ്റ് 46 സെക്കൻഡിനുള്ളിൽ ദൗത്യം പൂർത്തിയാക്കും. വിക്ഷേപണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്കൈറൂട്ട് എയറോസ്പേസ് അറിയിച്ചു.
ഇതുവരെ ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒയുടെ റോക്കറ്റുകളിലൂടെയായിരുന്നു ബഹിരാകാശത്ത് എത്തിച്ചിരുന്നത്. വിക്രം-1ന്റെ ദൗത്യം വിജയിച്ചാൽ രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.




